Bhoothakaalam
ഭൂതകാലം...
വലിയ ശബ്ദം മുഴുക്കി എല്ലായിടത്തും എത്താറുള്ള ആ വാഹനം അന്ന് പതിവിലും ശബ്ദം കുറച്ച് പതിയെ ആ കറുത്ത പന്തലിട്ട വീട്ടിലേക്ക് വന്നടുത്തു. ഒരുപാട് ആളുകൾ ആ പന്തലിൽ തടിച്ച് കൂടിയിരുന്നെങ്കിലും അന്തരീക്ഷം ശബ്ദമില്ലാതെ നിശ്ചലമായി കടന്നു. വാഹനത്തിൻ്റെ പിൻവശത്തെ വാതിൽ പതിയെ തുറന്ന് ജീവനറ്റ അവൻ്റെ ശരീരം ആരൊക്കെയോ ചേർന്ന് പുറത്തെടുത്തു. അത്രയും നേരം തെളിഞ്ഞിരുന്ന ആകാശം പതിയെ ഇരുണ്ട് തുടങ്ങി.
അവൻ്റെ കണ്ണുകൾ അടഞ്ഞായിരുന്നു കിടന്നിരുന്നെങ്കിലും ചുറ്റിലും ഉള്ളതെല്ലാം അവന് ശബ്ദം കൊണ്ടും ഗന്ധം കൊണ്ടും അറിയാമായിരുന്നു. വീട്ടിലേക്ക് അടുക്കും തോറും സബ്രാണിയുടെ ഗന്ധം അവനിലേക്ക് കുതിച്ച് എത്തിയിരുന്നു. എടുത്തവർ അവനെ ഒരു കട്ടിലിലേക്ക് എടുത്ത് കിടത്തി. വല്യച്ഛൻ്റെ പ്രിയപ്പെട്ട കട്ടിൽ, കിടന്നപ്പോ തന്നെ അവന് മനസ്സിലായി. തൊട്ട് പിന്നാലെ ആർത്തു കരഞ്ഞ് എത്തിയ ഒരു ചൂടുള്ള കൈ അവൻ്റെ മുഖം മൃതുലമായി തലോടി. സ്വന്തം അമ്മയുടെ വാത്സല്യം നിറഞ്ഞ തഴുകൾ ഒരു മക്കൾക്കും മറക്കാൻ സാധിക്കില്ല. എന്നും വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ പുഞ്ചിരിച്ച് സ്വീകരിച്ചിരുന്ന അമ്മ ഇന്ന് കരഞ്ഞായിരുന്നു അവനെ വരവേറ്റിയത്. "മോനെ..." എന്നുള്ള വിളിയിൽ എന്നും സ്നേഹം മാത്രം നിറഞ്ഞിരുന്നു എങ്കിലും അന്നത്തെ ആർത്തുള്ള വിളിയിൽ നിസ്സഹായഥയും, ഹൃദയം പൊട്ടി തകരുന്ന വേദനയും, സങ്കടവും എല്ലാം കലർന്നതായിരുന്നു. അമ്മയുടെ മുഖം ഒന്ന് വാടുന്നത് പോലും കാണാൻ സാധിക്കാത്ത അവന് ആ സങ്കടത്തിനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം അവനെ വീണ്ടും കൊല്ലുകയായിരുന്നു.
ഇരുണ്ടു കിടന്ന ആകാശം പതിയെ പെയ്തു തുടങ്ങി. അച്ഛൻ്റെ ഗന്ധം നിറഞ്ഞു നിന്നെങ്കിലും ശബ്ദം അവിടെ എവിടെയും കേൾക്കാൻ സാധിച്ചില്ല. അച്ഛൻ അങ്ങനെയാണ്, ദേഷ്യം വന്നാൽ പൊട്ടി തെറിക്കുമെങ്കിലും സങ്കടം വന്നാൽ മൗനം മാത്രം. എന്നിട്ട് ഒതുങ്ങി കൂടി ഒരു മൂലയിൽ ഇരിക്കും. അച്ഛൻ കരയുന്നത് ഇതുവരെ കണ്ടിട്ടില്ല. ഒരു പക്ഷെ കാണിക്കാത്തത് ആയിരിക്കാം. സങ്കടങ്ങൾ ആരെയും അറിയിക്കാതെ എന്നും കുടുംബത്തിൻ്റെ അന്നം അദ്ദേഹം ആയിരുന്നു. പല കാര്യങ്ങളിലും അവന് അച്ഛനോട് യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും എന്നും ഇഷ്ടം മാത്രമായിരുന്നു.
പെയ്തു തുടങ്ങിയ ചാറ്റൽ മഴയിൽ കൂടിനിന്നവരുടെ കാതടപ്പിക്കുന്ന ശബ്ദത്തോടെ ആയിരുന്നു ആ ഇടിമുഴക്കം തൊട്ടപ്പുറത്ത് നിന്ന് "നല്ല ഒരു കൂട്ടിക്കാരനായിരുന്നു." എന്ന് പറയുന്നത് കേട്ട് അവൻ്റെ മനസ്സ് ഒന്ന് ചിരിച്ചു. പുറകിൽ നിന്ന് വഞ്ചിച്ച് പോയ, ഒരു കാലത്ത് ഉറ്റ സുഹൃത്തായിരുന്ന ഒരുവനാണ് പറഞ്ഞത്.
മഴയുടെ ശക്തി കനത്തു. കൂടെ നല്ല ശബ്ദത്തിൽ ഇടിയും ആഞ്ഞുലച്ച് കാറ്റും. അവൻ്റെ കാതുകൾ അവൻ കൂർപ്പിച്ചു വെച്ചു. അമ്മയുടെ അല്ലാത്ത മറ്റൊരു സ്ത്രീയുടെ വിതുമ്പുന്ന ശബ്ദം. അതെ, അവളുടെ ശബ്ദം, തൻ്റെ പ്രാണൻ്റെ ശബ്ദം, തന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചവളുടെ ശബ്ദം, വാക്കുകളുടെ വില മനസ്സിലാക്കി തന്നവളുടെ ശബ്ദം. മഴയെക്കാൽ ശക്തിയുണ്ടായിരുന്നു അവളുടെ കരച്ചിലിന്.
അവളുടെ വലിയ കണ്ണുകൾ കരഞ്ഞ് തളർന്ന് ചെറുതായിരിക്കുന്നു. കൺമഷി ഇട്ട് മാത്രം പുറത്തിറങ്ങിയിരുന്നു അവളുടെ കണ്ണുകൾ അന്ന് നഗ്നമായിരുന്നു. അവളുടെ ചുണ്ടുകൾ എന്തോ പറയാൻ കൊതിക്കുന്ന പോലെ വിറക്കുന്നുണ്ടായിരുന്നു. പക്ഷേ കരച്ചിലിൻ്റെ ആഘാതത്തിൽ അവ പുറത്ത് വേറാൻ കഴിയാതെ തങ്ങി നിൽക്കുകയാണ്. മുടികൾ ഒരു ബ്രാന്തിയെ പോലെ അലസമായി പാറി നടക്കുന്നു. കണ്ണുകൾ അടഞ്ഞായിരുന്നു അവൻ കിടന്നിരുന്നത് എങ്കിലും ഇതെല്ലാം അവൻ കാണുന്നുണ്ടായിരുന്നു. അവിടെയുള്ള അവൻ്റെ കാഴ്ചകൾ അവൻ്റെ ഹൃദയം കീറി മുറിച്ച് കൊണ്ടിരുന്നു. ഒന്ന് എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയി.
"സമയമായി, എടുത്താലോ !?" എന്ന ചോദ്യം അവൻ്റെ കാതുകളിൽ എത്തി. "മ്മ്" എന്നുള്ള അച്ഛൻ്റെ മൂളൽ മാത്രം. ഒരു നിമിഷം ഹൃദയം പിടഞ്ഞു. ചൂടുള്ള ചോര നിറഞ്ഞ കണ്ണീർ അവനിലൂടെ ഒലിച്ചിറങ്ങി. പക്ഷേ ആ കണ്ണീർ ആരും കണ്ടില്ല. വെള്ള പുതച്ച അവന്റെ തലയിൽ വിറക്കുന്ന കൈകൾ കൊണ്ട് അവൾ പതിയെ തലോടി. വിതുമ്പുന്ന ചുണ്ടുകൾ കൊണ്ട് ആർദ്രമായി ചുംബിച്ചു. അവളുടെ കണ്ണുനീർ ആ നെറ്റിയിലേക്ക് പൊടിഞ്ഞു വീണു. പതിയെ, നോവിക്കാതെ അവൾ അത് തുടച്ചുമാറ്റി. ആ ചുടു കൈ അവന്റെ കൈകളെ മുറുക്കിപ്പിടിച്ചു. ആരുടെയും മുമ്പിൽ ഒന്ന് തൊട്ടുരുമ്മി ഇരിക്കാൻ മടിച്ചിരുന്ന അവൾ ഇന്ന് അത്രയും ജനങ്ങൾക്ക് ഇടയിൽ നിന്നും ചുംബിച്ചപ്പോൾ ശെരിക്കും അവൻ്റെ ഹൃദയം കീറി മുറിയുകയായിരുന്നു. അമ്മയുടേതല്ലാത മറ്റൊരു വത്സല്ല്യവും സ്നേഹവും അവനറിഞ്ഞു. ആർത്തു കരയാൻ അവന് തോന്നി. പക്ഷേ ചലനമറ്റ ശരീരത്തിന്റെ വികാരം ആര് കാണാൻ !?
അവനെ എടുത്ത് കൊണ്ട് പോകുമ്പോഴും അവളുടെ മുറുകെ പിടിച്ച കൈ വീണ്ടും മുറുകുകയായിരുന്നു. തൊട്ടപ്പുറത്ത് അമ്മയുടെ ആർത്തുളള കരച്ചിൽ കൂടി വന്നിരുന്നു. പതിയെ അവൻ്റെ കൈകളിൽ മുറുകിയ പിടുത്തം അയഞ്ഞ് തുടങ്ങി. തൊട്ട് പിന്നാലെ അച്ഛൻ്റെ കരച്ചിൽ അവൻ കേട്ടു. അത്രയേറെ മറ്റു ശബ്ദങ്ങൾ അവിടെ ഉണ്ടായിട്ടും, അവൻ ശ്രദ്ധിച്ചത് താൻ ഒരു പോലെ സ്നേഹിക്കുന്നവരുടെ സങ്കടവും കരച്ചിലും ആയിരുന്നു. അമ്മയുടെ ആർത്തിരമ്മിയുള്ള കരച്ചിൽ... അവളുടെ ഹൃദയം പൊട്ടിയുള്ള വിതുമ്പൽ... അച്ഛൻ്റെ അടക്കി പിടിച്ചുള്ള കരച്ചിൽ...
മഴ നന്നേ കുറഞ്ഞു വന്നു. അവനെ അപ്പുറത്തുള്ള പറമ്പിലേക്ക് എടുക്കുമ്പോൾ ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. താൻ ഇഷ്ടപ്പെടുന്ന തന്നെ ഇഷ്ടപ്പെടുന്ന ആ മൂന്നുപേരുടെ മുഖം അവസാനമായി ഒന്ന് കൺ കുളിർക്കെ കാണണം. പക്ഷെ കഴിയില്ലെന്ന് അവനറിയാം.
തന്നെ ദഹിപ്പിക്കാനുള്ള ചിതയുടെ മുകളിൽ കിടക്കുമ്പോൾ അവളോട് മാപ്പ് പറഞ്ഞു. അവള് കേൾക്കില്ല എന്ന് അറിയാമെങ്കിലും അവൻ്റെ മനസ്സ് മന്ത്രിച്ചു. "നീ എന്നെ ഒരുപാട് സ്നേഹിച്ചിരിക്കാം... ഞാനുമായുള്ള ഒരുപാട് സ്വപ്നങ്ങൾ കണ്ടിരിക്കാം... എന്നിൽ നിന്നും ഒരുപാട് കാര്യങ്ങൾ ആഗ്രഹിച്ചിരിക്കാം... പക്ഷേ അതൊന്നും എനിക്ക് സാധിച്ചു തരാൻ കഴിഞ്ഞില്ല. മാപ്പ്. എനിക്ക് തരാൻ എന്റെ കയ്യിൽ സ്നേഹം മാത്രമേ ഉള്ളൂ. നീ എവിടെ ആയിരുന്നാലും നിന്നെ ഞാൻ സ്നേഹിക്കും. എന്നോട് ക്ഷമിക്കൂ..." അവൻ്റെ ഹൃദയത്തിൻ മൂർച്ചയുള്ള വാൾ ഇറക്കുന്ന വേദനയായിരുന്നു.
ചെറിയ ചൂട് പോലും സഹിക്കാൻ പറ്റാത്ത അവന്, അവൻ്റെ ചിത ആളി കത്തി അമരുമ്പോഴും ഒരു തരി വേദന അറിഞ്ഞിരുന്നില്ല. അതിനേക്കാൾ വേദന അവൻ്റെ ഹൃദ്ധയതിനായിരുന്നു. ഈ ചിതയിൽ അവൻ മാത്രമല്ല, അവൻ്റെ തത്വങ്ങളും, സ്വപ്നങ്ങളും, ആഗ്രഹങ്ങളും എല്ലാം കത്തിയമർന്നു. അവൻ്റെ ചിതയ്ക്ക് വല്ലാത്ത ഒരു ചുവപ്പ് നിറം കൂടുതൽ ആയിരുന്നു. ആറടി വലിപ്പമുള്ള അവൻ രണ്ടു തരി ഭസ്മമായി തീർന്നു. അവൻ എല്ലാവർക്കും. ഒരു ഓർമ മാത്രമായി. വെറുമൊരു ഭൂതകാലം...
-jawad
Comments
Post a Comment